സ്വര്‍ണ്ണാഭരണം മോഷണം: ഹോംനേഴ്‌സ് പിടിയില്‍

കിടപ്പ് രോഗിയെ ചികിത്സിക്കാനെത്തിയ ഹോംനേഴ്‌സ് സ്വര്‍ണ്ണാഭരണ മോഷണത്തില്‍ ഇരവിപുരം പോലീസിന്റെ പിടിയിലായി. കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ സജിത്ത് മകള്‍ ശ്രീജ (41) ആണ് പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞമാസം അവസാനത്തോട് കൂടി തെക്കേവിള കുന്നത്ത്കാവിലുള്ള കിടപ്പിലായ രോഗിയെ ചികിത്സിക്കാനായി വന്നതായിരുന്നു ശ്രീജ. ഒരു മാസത്തിലെ കരാര്‍ അടിസ്ഥാനത്തില്‍ വന്ന ഇവര്‍ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു. കരാര്‍ കഴിഞ്ഞ ഇവര്‍ വീട്ടുകാരെ അറിയിക്കാതെ മടങ്ങുകയായിരുന്നു. ഇതില്‍ സംശയം തോന്നി വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ രോഗിയുടെ പക്കലുള്ളത് മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കുകയും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.  ഇരവിപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത്ത് കുമാര്‍ പി, എസ്.ഐ മാരായ അരുണ്‍ഷാ, സക്കീര്‍ഹുസൈന്‍ സി.പി.ഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.