Suspects who committed theft in arrested.

പട്ടാപകല്‍ വീട്ടുവളപ്പില്‍ നിന്ന് മോഷണം നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയില്‍. കാവനാട് ചെപ്പള്ളിമുക്കില്‍ മുസിലിയാര്‍ വടക്കതില്‍ അനില്‍കുമാര്‍ മകന്‍ വിശാഖ്(21), കൊല്ലം കൊച്ചുനട ശാന്തിനഗറില്‍ നസീര്‍ മകന്‍ സിയാദ്(21) എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം വെസ്റ്റ് കൈക്കുളങ്ങരയിലുള്ള മേരി വില്ലയില്‍ നിന്ന് പകല്‍ മൂന്നര മണിയോടെ പ്രതികള്‍ കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ മോഷ്ടിക്കുകയായിരുന്നു. മോട്ടോറ് നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. വെസ്റ്റ് പോലീസ് ഇന്‍സ്പക്ടര്‍ ഷെഫീക്കിന്റെ നേതൃത്ത്വത്തില്‍ എസ്‌ഐ മാരായ അനീഷ്, ഹസന്‍കുഞ്ഞ് എസ്.സിപിഒ വിനോദ്, സിപിഒ മാരായ ശ്രീജു, സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.