നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ കാപ്പാ ചുമത്തി

നിരവധി കേസുകളില്‍ പ്രതിയായ യുവാക്കള്‍ക്കെതിരെ കാപ്പാ ചുമത്തി നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം താലൂക്കില്‍, മയ്യനാട് വില്ലേജില്‍ തെക്കുംകര ചേരിയില്‍ പണ്ടാല തെക്കതില്‍ വീട്ടില്‍ ബാലചന്ദ്രന്‍ മകന്‍ സാത്താന്‍ സന്തോഷ് എന്ന സന്തോഷ്(36), കരുനാഗപ്പള്ളി താലൂക്കില്‍ തഴവ വില്ലേജില്‍ കളരിക്കല്‍ വീട്ടില്‍ വിക്രമന്‍ മകന്‍ കൊച്ചുമോന്‍ എന്ന രാജീവ് (23) എന്നിവര്‍ക്കെതിരെയാണ് കാപ്പാ ചുമത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 2021 മുതല്‍ കൊട്ടിയം, ഇരവിപുരം എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നരഹത്യ, നരഹത്യാശ്രമം, അതിക്രമം, കവര്‍ച്ച, വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സന്തോഷ്. നിരന്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവന്ന പ്രതിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കാപ്പാ നിയമപ്രകാരം ജില്ലയിലേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഉത്തരവായത്. 

2019 മുതല്‍ ഓച്ചിറ, കരുനാഗപ്പള്ളി, ചവറ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നരഹത്യ,നരഹത്യാശ്രമം,അതിക്രമം, കവര്‍ച്ച, വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുക എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജീവ്. പ്രതിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കാപ്പാ നിയമപ്രകാരം സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവായത്. ഈ കാലയളവില്‍ ഇയാള്‍ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കോ അല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ മുന്‍കൂട്ടി അധികാരികളില്‍ നിന്നും അനുമതി വാങ്ങിച്ചിരിക്കണം. 

 സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി ഐ.പി.എസ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.