ബൈക്ക് മോഷ്ടാവ് പിടിയിൽ.

കൊല്ലം കോട്ടമുക്കില്‍ കടയുടെ മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങാന്‍ ശ്രമിച്ച പ്രതിയെ ഉടമ പിന്‍തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഉമയനല്ലൂര്‍ തൊണ്ട്മുക്ക് സജു മന്‍സിലില്‍ ഷരീഫ് മകന്‍ സജു(27) ആണ് അറസ്റ്റില്‍ ആയത്. കോട്ടയ്ക്കകം നഗര്‍ 133-ല്‍ കേളേത്ത് പടിഞ്ഞാറ്റതില്‍ രാജന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കോട്ടമുക്കിലുള്ള കടയില്‍ നിന്നും രാജന്‍ സാധനം വാങ്ങാന്‍ കയറിയ സമയം പ്രതി ബൈക്ക് മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബൈക്ക് മോഷണം പോയെന്ന് മനസ്സിലാക്കിയ രാജന്‍ ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഇയാളെ പിന്‍തുടരുകയായിരുന്നു. കൊല്ലം ബീച്ചിന് സമീപത്ത് വച്ച് മോഷ്ടാവിനേയും മോഷ്ടിച്ചെടുത്ത ബൈക്കും തിരിച്ചറിഞ്ഞ രാജന്‍ വിവരം ഉടന്‍ തന്നെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും, ഇന്‍സ്‌പെക്ടര്‍ ഷഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ മാരായ അനീഷ്, ലത്തീഫ്, ഷമീര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയും ചെയ്യ്തു.