ലഹരി വിരുദ്ധ സൈക്കിള്‍ യാത്ര

വിദ്ധ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി കേരളാ പോലീസ് ഒരുക്കിയിരിക്കുന്ന 'യോദ്ധാവ്' എന്ന പദ്ധതിയുടെ പ്രചരണാര്‍ത്ഥം 'ലഹരിയോട് വിട ചൊല്ലാം സൈക്കിള്‍ ചവിട്ടാം' എന്ന മുദ്രാവാക്യവുമായി കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ യാത്ര തിരിച്ച പുന്നപ്ര, എടത്വ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്ദ്യോഗസ്ഥരായ ശ്രീ. എം ആര്‍ വിനില്‍, ശ്രീ അലക്‌സ് വര്‍ക്കി എന്നിവര്‍ക്ക് കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി. കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലും കൊല്ലം ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ക്വാമ്പിലുമാണ് സ്വീകരണം ഒരുക്കിയത്. കുട്ടികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസ്, ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ്, പാരിപ്പള്ളി അമൃതാ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പോലീസ് ഉദ്ദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.  കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് ക്വാര്‍ട്ടര്‍ ക്യാമ്പില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ഡെപ്യൂട്ടി കമാണ്ടന്റിന്റെ ചുമതല വഹിക്കുന്ന ഡി.സി.ആര്‍.ബി എ.സി.പി ശ്രീ പ്രദീപ് കുമാര്‍ ഇവരെ പുഷ്പ ഹാരം അണിയിച്ച് സ്വീകരിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യ്തു.  പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ ശ്രീ. ഷിനോ ദാസ്, ഷെഹീര്‍, ജില്ലാ പോലീസ് സൊസൈറ്റിയുടെ സെക്രട്ടറി ശ്രീ. സനോജ് എന്നിവരും ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. ലഹരി ഉപയോഗമോ, വില്‍പ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സാപ്പ് നമ്പറായ 9995966666 വഴി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പോലീസിനെ അറിയിക്കാവുന്നതാണ്.