Fraud by demanding courier charges to get passport.

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കൊറിയര്‍ ചാര്‍ജ്ജ് ആവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പ് നടക്കുന്നതായി പരാതി ഉയരുന്നു. പാസ്‌പോര്‍ട്ടിനു അപേക്ഷ നല്‍കി, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ പ്രോസസിംഗ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക്, പാസ്‌പോര്‍ട്ട് കൊറിയര്‍ ഓഫീസില്‍ എത്തിയിട്ടുണ്ടെന്നും, പാസ്‌പോര്‍ട്ട് അയച്ചുകിട്ടുന്നതിനു കൊറിയര്‍ ചാര്‍ജ്ജ് നല്‍കണമെന്നും   ആവശ്യപ്പെട്ട്‌കൊണ്ട് അപേക്ഷകരുടെ  ഫോണില്‍ ബന്ധപ്പെടുകയും 10 രൂപ കൊറിയര്‍ ചാര്‍ജ്ജ് ആയി നല്‍കുന്നതിനായി ഓണ്‍ലൈന്‍ ലിങ്ക് അയച്ചുകൊടുത്തുമാണ് തട്ടിപ്പ് നടത്തുന്നത്. അപേക്ഷകര്‍ക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍, യു.പി.ഐ  ഐഡി എന്നീ വിവരങ്ങള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി മുഖേനയാണ് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടി എടുക്കുന്നത്. ആലപ്പുഴ, കോട്ടയം സ്വദേശികളാണ് ഇത്തരം തട്ടിപ്പിനിരയായത്. ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും വന്‍ തുകയാണ് ഇത്തരത്തില്‍ നഷ്ടമായത്.   പാസ്‌പോര്‍ട്ടിനു അപേക്ഷ കൊടുത്തവര്‍ക്ക് പോലീസ് വെരിഫിക്കേഷനു ശേഷം അപേക്ഷ സമര്‍പ്പിച്ച റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്നും തപാല്‍ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് സംവിധാനം വഴിയാണ് അപേക്ഷകന്റെ വിലാസത്തിലേക്ക് പാസ്‌പോര്‍ട്ട് അയച്ചു നല്‍കുന്നത്. അപേക്ഷകന് പാസ്‌പോര്‍ട്ട് എത്തിച്ചു നല്‍കുന്നതിനായി തപാല്‍ വകുപ്പ് അപേക്ഷകരില്‍ നിന്നും യാതൊരു വിധത്തിലുള്ള ചാര്‍ജ്ജുകളും ഈടാക്കുന്നില്ല. ആയതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ഇരയാകാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കുക.