Drug mafia arrested in Bangalore

കൊല്ലം നഗരത്തിലെ മയക്ക് മരുന്ന് വ്യാപാര സംഘങ്ങളുടെ കണ്ണികള്‍ തേടിയുള്ള അന്വേഷണത്തില്‍ രാജ്യാന്തര ലഹരി മരുന്ന് കടത്ത് ശൃംഖലയിലെ സുപ്രധാന കണ്ണിയായ ഘാന സ്വദേശി കരുനാഗപ്പള്ളി പോലീസിന്റെ പിടിയില്‍. 

മെയ് മാസം കരുനാഗപ്പള്ളിയില്‍ 5.93 ഗ്രാം എം.ഡി.എം.എയുമായി ഗോപു എന്ന യുവാവ് പിടിയില്‍ ആയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തില്‍ ഉയര്‍ന്ന അളവില്‍ ലഹരി വ്യാപാരം നടത്തി വന്ന അജിത്ത്, റമീസ്, ഫൈസല്‍ എന്നിവരും പിടിയില്‍ ആയിരുന്നു. ഇതോടു കൂടി മയക്ക് മരുന്ന് സംഘങ്ങളുടെ വ്യാപാര ശൃംഖല അന്വേഷിച്ച് ഇറങ്ങിയ കരുനാഗപ്പള്ളി പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍  റ്റി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റില്‍ ആയ പ്രതികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം ബാഗ്ലൂര്‌രില്‍ എത്തുകയും തുടരന്വേഷണത്തില്‍ വലിയതോതില്‍ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കേരളത്തിലുള്ള കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യ്തു വന്ന കൊല്ലം സ്വദേശി അല്‍ത്താഫ്, പാലക്കാട് സ്വദേശി അന്‍വര്‍ എന്നിവര്‍ കൂടി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായിരുന്നു. വന്‍തോതില്‍ മയക്ക് മരുന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും എത്തി ചേരുന്നതിന്റെ ഉറവിടം കണ്ടെത്താന്‍ സിറ്റി പോലീസ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായി കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 200 ഗ്രാമില്‍ കൂടുതല്‍ എം.ഡി.എം.എ സിറ്റി പോലീസ് പരിധിയില്‍ പിടികൂടാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും പഠിക്കാനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ പലരും മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണെന്നും വിദ്യാര്‍ത്ഥികളെ ഇടനിലക്കാരാക്കിയാണ് കേരളത്തില്‍ മയക്ക് മരുന്ന് എത്തിക്കുന്നത് എന്നുമുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

ഇതിനെ തുടര്‍ന്ന് വലിയതോതില്‍ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കേരളത്തിലുള്ള കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യ്തു വന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍, കൂടിയ അളവില്‍ മാരക ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംഭരിച്ച് ഇടനിലക്കാര്‍ക്ക് വില്‍പ്പന നടത്തി വന്ന ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (27) എന്ന ആള്‍ ബാഗ്ലൂരില്‍ നിന്നും കരുനാഗപ്പള്ളി പോലീസിന്റെ പിടിയില്‍ ആയത്. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ജിമ്മി ജോസ്, ശരത്ചന്ദ്രന്‍ എ.എസ്.ഐമാരയ ഷാജിമോന്‍, നന്ദകുമാര്‍, സാജന്‍ എസ്.സി.പി.ഓ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.