Bail canceled for 12 notorious criminals.

ജാമ്യ വ്യവസ്ഥ ലംഘിച്ച 12 കുപ്രസിദ്ധ കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി: 8 പേര്‍ അറസ്റ്റില്‍

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കൊല്ലം സിറ്റി പോലീസ് പരിധിയില്‍ 12 കുപ്രസിദ്ധ കുറ്റവാളികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണ് ജാമ്യം റദ്ദ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇവരില്‍ 8 പേരെ വിവിധ സ്റ്റേഷന്‍ പരിധിയില്‍ പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലം ഈസ്റ്റ്, ഓച്ചിറ, കിളികൊല്ലൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, കൊട്ടിയം, എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. കിളികൊല്ലൂര്‍ നിഷാദ് മന്‍സിലില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ നിഷാദ്, കിളികൊല്ലൂര്‍ നിഷാദ് മന്‍സിലില്‍ നിയാസ് എന്നിവര്‍ കണ്ണനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലും, കൃഷ്ണപരുത്ത് ഷിഹാബ് മന്‍സിലില്‍ ജാഫര്‍ മകന്‍ ഷാന്‍, ഓച്ചിറ പഴിക്കുഴി മൊഴൂര്‍ തറയില്‍ വീട്ടില്‍ പ്യാരി എന്നിവര്‍ ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലും പിടിയിലായി. ഇതുകൂടാതെ കടവൂര്‍ നീരാവില്‍ അനീഷ് നിവാസില്‍ ബാബു ചെട്ടിയാര്‍ മകന്‍ അഭിലാഷ്, കൊല്ലം ഈസ്റ്റ് സ്റ്റേഷന്‍ പരിധിയിലും, ഇരവിപുരം വാളത്തുങ്കല്‍ മിറാസ് മന്‍സിലില്‍ ഷരീഫ് മകന്‍ മിറാസ് ഇരവിപുരം സ്റ്റേഷന്‍ പരിധിയിലും, തൃക്കോവില്‍വട്ടം തട്ടാറുകോണം പ്രശാന്തി ഹൗസില്‍ ശശിധരന്‍പിള്ള മകന്‍ ശ്രീകാന്ത് കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലും, തൃക്കോവില്‍വട്ടം ചെറിയേല ചേരിയില്‍ മുഖത്തല ബിജു ഭവനത്തില്‍ ശിവരാമന്‍ മകന്‍ ബിജു കൊട്ടിയം സ്റ്റേഷന്‍ പരിധിയിലും ആണ് അറസ്റ്റില്‍ ആയത്. 

വിവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ഇവരെ, സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വിവരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സമയബന്ധിതമായി അതാത് കോടതികളില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ ജാമ്യം റദ്ദ് ചെയ്യാനായത്. കൊല്ലം സെഷന്‍സ് കോടതി ജഡ്ജ് എം ബി സ്‌നേഹലത, കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതി-2 ജഡ്ജ് നിയതാ പ്രസാദ്, കൊല്ലം അഡീ. സെഷന്‍സ് കോടതി-3 ജഡ്ജ് ഉദയകുമാര്‍  എന്നിവരാണ് ഇവരുടെ ജാമ്യം റദ്ദ് ചെയ്യ്ത് ഉത്തരവായത്.