Kollam city police bust drug trading network.

നിരോധിത ലഹരി മരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി കൊല്ലം സിറ്റി പോലീസ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ന്യൂജനറേഷന്‍ സിന്തറ്റിക്ക് ലഹരി മരുന്ന് കടത്തു സംഘങ്ങള്‍ എതിരെ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, ഒച്ചിറ, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍ സ്റ്റേഷന്‍ പരിധികളിലായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിദേശ പൗരനടക്കം 25 ഓളം ലഹരികടത്ത് സംഘാഗങ്ങളാണ് ഈ കാലയളവില്‍ സിറ്റി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നായി 300.545 ഗ്രാം നിരോധിത സിന്തറ്റിക്ക് ലഹരി മരുന്നായ MDMA യും കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ ഒന്‍പത് കേസും അഞ്ചാലൂംമൂട്, ഓച്ചിറ, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഒരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് മാസം കരുനാഗപ്പള്ളിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍  ബംഗ്ലൂരില്‍ നിന്നും ഘാന പൗരനെ അറസ്റ്റ് ചെയ്തത് ദേശിയ ശ്രദ്ധ ആകര്‍ശിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഞ്ചെണ്ണം അധിക അളവില്‍ ലഹരി മരുന്ന് കടത്തിയതിനായിരുന്നു. ഇതില്‍ ഓച്ചിറ, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ലഹരി വ്യാപാരത്തിലൂടെ ഉണ്ടാക്കിയ സമ്പത്തും വാഹനങ്ങളും നിയമപ്രകാരം കണ്ടുകെട്ടി. കൊല്ലം സിറ്റി പോലീസ് പാര്‍ട്ടി ഡ്രഗ്ഗിന്റെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയില്‍ എത്തിക്കുന്ന പാര്‍ട്ടി ഡ്രഗ്‌സ് സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും എത്തിച്ച് നല്‍കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ബാംഗ്ലൂരില്‍ നിന്നും എത്തിക്കുന്ന സിന്തറ്റിക്ക് ഡ്രഗ്ഗ് ചില്ലറ വിപണനം നടത്തുകയായിരുന്നു. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ തന്നെ ഒന്നര ദിവസത്തോളം ലഹരി നില്‍ക്കുന്ന പാര്‍ട്ടി ഡ്രഗ്ഗ്‌സിന് മണമോ മറ്റും ഇല്ലാത്തതാണ് വിദ്യാര്‍ത്ഥികളേയും യുവതി യുവാക്കളേയും ആകര്‍ഷിക്കുന്നത്. ഇതിന്റെ കുറഞ്ഞ അളവിലെ ഉപയോഗം പോലും ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും സാരമായി തകരാറില്‍ ആക്കുന്നതാണ്. കൊല്ലം സിറ്റി പോലീസ് മേധാവിയായ നാരായണന്‍ റ്റി ഐ.പി.എസ് ന്റെ ചടുലമായ നേതൃത്വത്തിലാണ് ലഹരി സംഘങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചത്.