Bus robbery attempt

ബസ്സില്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച അന്യസംസ്ഥാന യുവതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്യ്തു. തമിഴ്‌നാട് സ്വദേശിനിയായ ചന്ദനമാരി എന്ന  യുവതിയാണ് പോലീസ് പിടിയില്‍ ആയത്. ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍ നിന്നും ബസ്സില്‍ കൊട്ടിയം ഭാഗത്തേക്ക് യാത്ര ചെയ്യ്തുവന്ന സ്ത്രീയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയാണ് പിടിയില്‍ ആയത്. ബസ്സ് യാത്രക്കാരിയായ സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുന്നത് മറ്റൊരു യാത്രക്കാരി കാണാന്‍ ഇടയായതാണ് ഇവരെ പിടികൂടാന്‍ സഹായമായത്. മാല മോഷ്ടിക്കുന്നത് കണ്ട യാത്രക്കാരി മോഷണവിവരം ആവലാതിക്കാരിയെ അറിയിക്കുന്നതിനിടക്ക് ബസ്സ് ഇത്തിക്കര ഭാഗത്ത് എത്തിയിരുന്നു. യുവതി ഇത്തിക്കരയില്‍ ബസ്സ് ഇറങ്ങി മാലയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ്സ് യാത്രക്കാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് വയ്ക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. ഉടനടി സ്ഥലത്തെത്തിയ ചാത്തന്നൂര്‍ എസ്.ഐ ആശ വി രേഖയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം യുവതിയെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയില്‍ മാല കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.