സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തി

അടിസ്ഥാന സൗകര്യങ്ങളിലുള്ള ബഹുമുഖവികസനം സാക്ഷാത്കരിച്ചാലേ സ്വാതന്ത്ര്യം പൂര്‍ണമാകൂ: മന്ത്രി ജെ. ചിഞ്ചുറാണി
അടിസ്ഥാന സൗകര്യങ്ങളിലുള്ള ബഹുമുഖവികസനം എത്രയുംവേഗം സാക്ഷാത്കരിച്ചാലേ സ്വാതന്ത്ര്യം പൂര്‍ണ്ണമായി കൈവരിക്കൂയെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസത്തിന്റെ നവീകരണവും ആരോഗ്യരംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റവും തൊഴില്‍നയങ്ങളും ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും ഉള്‍പ്പെടെ രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന നിരവധി ഘടകങ്ങള്‍ സംസ്ഥാനത്തിന്റെ സവിശേഷതയാണ്. കൊല്ലം തുറമുഖം പ്രൗഢ പാരമ്പര്യത്തിലേക്ക് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എമിഗ്രേഷന്‍ കൗണ്ടര്‍ സ്ഥാപിച്ചു കഴിഞ്ഞു. കൊല്ലംതോട് വികസിപ്പിച്ച് ദേശീയ ജലപാതയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും തുടരുന്നു. ശ്രീനാരായണ സാംസ്‌കാരിക സമുച്ചയം കൊല്ലം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ ഒരുങ്ങുകയുമാണ്.
മതനിരപേക്ഷ ധാര്‍മികമൂല്യങ്ങളും ജനാധിപത്യ തത്വസംഹിതകളും സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവും കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സ്വീകരിച്ചു. പോലീസ്, എക്സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സിവില്‍ ഡിഫെന്‍സ്, സ്‌കൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ കെഡറ്റ്, ബാന്‍ഡ് ട്രൂപ്പുകള്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 13 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാര്‍, കൊല്ലം സിറ്റി റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ എന്നിവരായിരുന്നു കമാന്‍ഡര്‍മാര്‍.
വിമലഹൃദയ എച്ച്.എസ്.എസ്, സര്‍ക്കാര്‍ ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. പ്ലാറ്റൂണുകള്‍ക്കുള്ള മൊമെന്റോ വിതരണത്തിന് ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. കോവിഡ് പ്രോട്ടോക്കോളും ഹരിതച്ചട്ടവും പാലിച്ചായിരുന്നു ചടങ്ങുകള്‍.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.നൗഷാദ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേല്‍, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്.പി കെ. ബി. രവി, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, എ.ഡി.എം ആര്‍. ബീനാ റാണി, എ.സി.പി.മാരായ എ. അഭിലാഷ്, എ. പ്രദീപ് കുമാര്‍, വി. എസ്. പ്രദീപ് കുമാര്‍, സോണി ഉമ്മന്‍ കോശി, സക്കറിയ മാത്യു, ഡെപ്യൂട്ടി കലക്ടര്‍മാരായ ജി. നിര്‍മല്‍കുമാര്‍, എഫ്. റോയ് കുമാര്‍, ജയശ്രീ, അഹമദ് കബീര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.