Kappa was imposed and entry into the district was prohibited

നിരവധി കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പാ ചുമത്തി നാട് കടത്തി. കൊല്ലം താലൂക്കില്‍, ശക്തികുളങ്ങര വില്ലേജില്‍ കന്നിമേല്‍ ചേരിയില്‍ പെരുങ്കുഴിയില്‍ വീട്ടില്‍ സുനില്‍ മകന്‍ ശ്യാം സുനില്‍(23) നെയാണ് നാട് കടത്തിയത്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസിന്റെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി ഐ.പി.എസ് ആണ് ഇയാളെ കൊല്ലം ജില്ലയില്‍ നിന്നും ആറ് മാസത്തേക്ക് നാട് കടത്തിയത്. ഈ ആറുമാസ കാലയളവില്‍ കേസ്സ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിനും, വിവാഹം, മരണം, തുടങ്ങിയ ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനും കൊല്ലം സിറ്റിയില്‍ പ്രവേശിക്കേണ്ടത് അനിവാര്യമെങ്കില്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങിക്കേണ്ടതാണ്. 

ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളിലായി 2020 മുതല്‍ 2022 വരെയുള്ള കാലഘട്ടങ്ങളിലായി സംഘം ചേര്‍ന്നുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍, മാരാകായുധം കൊണ്ടുള്ള അതിക്രമം, കഠിനദേഹേപദ്രവം, നരഹത്യശ്രമം തുടങ്ങിയ ഗൗരവതരമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു.

 കൊല്ലം എ.സി.പി അഭിലാഷ്.എ നേതൃത്വത്തില്‍ ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ബിജു, എസ്.ഐമാരായ ആശ, എ.എസ്.ഐമാരായ സജിത്ത്, ബാബുകുട്ടന്‍,  എസ്.സി.പി.ഒ സനീഷ എന്നിവരടങ്ങിയ സംഘമാണ് ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് അന്വേഷണം നടത്തിയത്. സഞ്ചലന നിരോധന ഉത്തരവ് ലംഘിച്ച് ഇയാള്‍ കൊല്ലം ജില്ലയില്‍ പ്രവേശിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 1090, 04742742265, 04742770966, 9497947131 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.