കടയുടമയേയും സ്റ്റാഫിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

സൈ്വപ്പിങ്ങ് മെഷീന്‍ ഇല്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കടയുടമയേയും സ്റ്റാഫിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തു. ആശ്രാമം, ഉദയാ നഗര്‍ 87-ല്‍ വിഷ്ണു(29), മുഖത്തല, അമ്മ വീട്ടില്‍ സുധീഷ്(26), ആശ്രാമം ഉദയാ നഗര്‍ 71-ല്‍ ജിതിന്‍(26) എന്നിവരാണ് പോലീസ് പിടിയില്‍ ആയത്.  കൊല്ലം പായിക്കടയില്‍ കച്ചവടം നടത്തുന്ന വിജയ് ശങ്കര്‍ എന്ന ആളിന്റെ കടയില്‍ എത്തിയ പ്രതികള്‍ സാധനം വാങ്ങിയ ശേഷം പണം നല്‍കാനില്ലാത്തതിനാല്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാമെന്ന് അറിയിച്ചു.     എന്നാല്‍ കടയില്‍ കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാന്‍ ആവശ്യമായ സൈ്വപ്പിങ്ങ് മെഷീന്‍ ഇല്ലെന്ന് കട ഉടമയായ വിജയ് ശങ്കര്‍ അറിയിച്ചെങ്കിലും പ്രതികള്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കടയുടമയും പ്രതികളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ ഉടമയേയും മറ്റ് സ്റ്റാഫ് അംഗങ്ങളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിജയ് ശങ്കറിന്റെ പരാതിയില്‍ ഈസ്റ്റ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശിവദാസന്‍ പിള്ള, ജയശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.