Man arrested for threatening passengers on hartal day.

ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങിയ യാത്രക്കാരെ ചീത്ത വിളിക്കുകയും തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യ്ത ഹര്‍ത്താല്‍ അനുകൂലിയായ യുവാവിനെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്ദ്യോഗസ്ഥരെ ബൈക്ക് ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഇരവിപുരം കൂട്ടിക്കട നഗര്‍-55, ഷംനാദ് മന്‍സിലില്‍ സെനുലാബ് ദിന്‍ മകന്‍ ഷംനാദ് (31) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് കൊണ്ട് പോപുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായി ആഹ്വാനം ചെയ്യ്ത ഹര്‍ത്താല്‍ ദിവസം കൊല്ലം മേവറത്ത് നിന്ന് പള്ളിമുക്കിലേക്ക് ബൈക്കില്‍ സഞ്ചരിച്ച് സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെയും മറ്റും ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും വന്ന ഇയാളെ കൊല്ലം പള്ളിമുക്കില്‍ വച്ച് പോലീസ് തടയാന്‍ ശ്രമിച്ചിരുന്നു. ഇത് കണ്ട് ബൈക്ക് വെട്ടിത്തിരിച്ച ഇയാള്‍ പിന്‍തുടര്‍ന്ന് വന്ന പോലീസ് ഉദ്ദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചതിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ്  ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ പി യുടെ നേതൃത്വത്തില്‍ലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.