The police have arrested a gang of money extortioners all over Kerala.

പ്രതികള്‍ പിടിയില്‍ ആയത് കരുനാഗപ്പള്ളി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍

കേരളത്തിലൊട്ടാകെ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുക്ക് പണ്ടം പണയം വച്ച് വള്ളിക്കാവിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനില്‍ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടില്‍ കപ്യാര്‍കുന്നേല്‍ സുനീഷ് (28), ഇടുക്കി മണിയാര്‍കുടി പടിഞ്ഞാറെക്കര വീട്ടില്‍ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയില്‍ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടില്‍ വിനോദ് (46) എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകയ്ക്ക് താമസ്സിച്ചു വരുകയായിരുന്നു. പ്രധാനമായും സ്ത്രീകള്‍ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനായി ഇവര്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് ഉപയോഗിക്കുന്നത് . ഇവയുടെ സഹായത്തോടെ രണ്ട് തവണകളിലായി 94.5 ഗ്രാം മുക്ക് പണ്ടം പണയം വച്ച് കരുനാഗപ്പള്ളി വള്ളിക്കാവിലുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് പണയ സ്വര്‍ണ്ണം  വ്യാജമാണെന്ന് മനസ്സിലാക്കിയ സ്ഥാപനയുടമ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത കരുനാഗപ്പളളി പോലീസ് നടത്തിയ അന്വേഷണത്തില്‍  ഇവര്‍ സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിഷാദ് പിടിയിലാവുകയും ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളായ കൂട്ട് പ്രതികളേയും പിടികൂടുകയായിരുന്നു. ഇവര്‍ക്ക് കേരളത്തില്‍ എല്ലാ ജില്ലകളിലും പണയം വയ്ക്കുന്നതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 30.08.2022 ന് 26 ഗ്രാം മുക്ക് പണ്ടം പണയം വയ്ക്കാനുള്ള ശ്രമം വിജയിച്ചതോടെ 02.09.2022 ന് വീണ്ടും 68.5 ഗ്രാം കൂടി ചേര്‍ത്ത് ആകെ 3,71,000/- രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇവരില്‍ സുഭാഷാണ് മുക്കുപണ്ടങ്ങള്‍ ഉണ്ടാക്കി 916 മുദ്ര പതിച്ചു നല്‍കുന്നത്. ഇവര്‍ക്ക് കൊല്ലം , ആലപ്പുഴ , പത്തനംതിട്ട , ഇടുക്കി തുടങ്ങി മിക്ക ജില്ലകളിലും തട്ടിപ്പു നടത്തിയതിലേക്ക് കേസ്സുകള്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് . കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാര്‍ , ഇന്‍സ്‌പെക്ടര്‍  ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്സ് ഐ മാരായ സുജാതന്‍ പിള്ള, ശ്രീകുമാര്‍, കലാധരന്‍ പിള്ള , എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, അജി, അജയന്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.