ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍
സാമൂഹിക മാധ്യമങ്ങളിലൂടെ ഡ്രൈവര്‍ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്പില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ വിഷ്ണു(27) ആണ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഒ.എല്‍.എക്സ് വഴിയും തിരുവനന്തപുരം കഴക്കൂട്ടത്ത് ഡോക്ടറുടെ ഹൗസ് ഡ്രൈവര്‍ ജോലി ഒഴിവുണ്ടെന്നും വാഹനം ഇന്നോവ ക്രിസ്റ്റ ആണെന്നും മാസശമ്പളം 32000 രൂപയും താമസവും ഭക്ഷണവും സൗജന്യമാണെന്നും, ജോലി തിരുവനന്തപുരം കൊല്ലം റൂട്ടില്‍ ആണെന്നും താല്പര്യമുള്ളവര്‍ പരസ്യത്തില്‍ നല്‍കിയ നമ്പരില്‍ ഡ്രൈവിംഗ് ലൈസന്‍സ് അയക്കണമെന്നും പറഞ്ഞാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നത്. തൂടര്‍ന്ന് ഈ പരസ്യം നിരവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് എത്തിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ തൊഴിലവസരങ്ങള്‍ നോക്കുന്ന പേജ് വഴി പ്രതി ഇട്ട ഈ പരസ്യം ഇരുപത്തി അഞ്ച് ലക്ഷം പേര്‍ കണ്ടിട്ടുണ്ട്. ജോലിക്കായി പരസ്യത്തില്‍ കാണുന്ന നമ്പരില്‍ ബന്ധപ്പെടുന്നവരോട് എറണാകുളത്തെ ഓഫീസ് ഉണ്ടെന്നും അവിടെ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യുവാനും അല്ലാത്തപക്ഷം ലൈസന്‍സിന്റെയും ആധാറിന്റെയും കോപ്പി വാട്സാപ്പിലുടെ അയച്ചു തരുവാനും ശേഷം രജിസ്ട്രേഷന്‍ ഫീസായി 560/ രൂപ അയച്ചു നല്‍കാനും ആവശ്യപ്പെടുന്നു. തുടര്‍ന്ന് വെരിഫിക്കേഷനായി 1000/ രൂപ കൂടി പ്രതി ഇരകളില്‍ നിന്നും വാങ്ങിയെടുക്കുന്നു. ഈ തുക കൈക്കലാക്കിയ ശേഷം പ്രതി ഇവരെ ബ്‌ളോക്ക് ചെയ്യുന്നു. തുടര്‍ന്ന് പരസ്യം നല്കിയ ഫോണ്‍നമ്പരും അക്കൌണ്ടും ഒഴിവാക്കി പുതിയ അക്കൌണ്ടും ഫോണ്‍ നമ്പരും എടുത്ത് ഇതേ പരസ്യം നല്‍കി തട്ടിപ്പ് തുടരുകയുമായിരുന്നു. നിരവധി ആള്‍ക്കാരെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചെങ്കിലും ചെറിയ തുകയായിതിനാല്‍ പലരും പരാതി നല്‍കിയില്ല.. ഇത്തരത്തില്‍ പണം നഷ്ടമായ കൊട്ടിയം പഴയാറ്റിന്‍കുഴി സ്വദേശിയായ യുവാവ് സൈബര്‍ ക്രൈം പോര്‍ട്ടല്‍ നമ്പരായ 1930 ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തത് കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് പരിശോധിച്ചപ്പോളാണ് വിവിധ ഫോണ്‍ നമ്പര്‍ മുഖേന പല ബാങ്ക് അക്കൗണ്ടുകളില്‍ സമാനമായ 1560/ രൂപയുടെ തട്ടിപ്പ് പരാതികള്‍ കേരളത്തില്‍ പല ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയത്. തുടന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍, സിംകാര്‍ഡുകള്‍, ഫോണുകള്‍ എന്നിവ ഉപയോഗിച്ച് പ്രതി എട്ട് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സിം കാര്‍ഡും മൊബൈല്‍ ഫോണും രണ്ടാഴ്ച കൂടുമ്പോള്‍ മാറ്റുന്നതായിരുന്നു തട്ടിപ്പ് രീതി. ഇയാള്‍ പിടിയിലാകുമ്പോള്‍ ഉയോഗിച്ചിരുന്നത് രണ്ട് ദിവസം മുമ്പ് എടുത്ത സിംകാര്‍ഡും മൊബൈല്‍ ഫോണും ആയിരുന്നു. തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് കൊല്ലം സിറ്റി സൈബര്‍ പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം ഡിസിആര്‍ബി എസിപി നസീറിന്റെ മേല്‍ നോട്ടത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദൂല്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിയാസ്, നന്ദകുമാര്‍, സി.പി.ഒ മാരായ ബിനൂപ്, ഹബീബ്, ഹിമാദ്, രാഖില്‍, ഫിറോസ്, അശ്വതി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
156263