Huge Police presence in Kollam city drunk hunting.

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

ജില്ലയില്‍ പോലീസ് പിടികൂടിയ ഏറ്റവും കൂടിയ അളവ്.

മനുഷ്യ ജീവന്‍ കാര്‍ന്ന് തിന്നുന്ന സിന്തറ്റിക്ക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിന്നും യുവാവിനെ ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ തോമസ് മകന്‍ ടോം തോമസ്(27) ആണ് പോലീസ് പിടിയിലായത്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും ലിംഗഭേദമെന്യേ സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും വില്‍പ്പനക്കായി എത്തിച്ച 60 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. കേരളാ പോലീസിന്റെ 'യോദ്ധാവ്' ലൂടെ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമും, ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊല്ലം ചിന്നക്കട ഗെസ്റ്റ് ഹൗസിന് സമീപത്തുനിന്നും ഇയാള്‍ പിടിയിലായത്.

സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും ലഭ്യതയും ഇല്ലാതാക്കുന്നതിനായി പോലീസ് നടത്തി വരുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.  കഴിഞ്ഞ കുറേ നാളുകളായി ജില്ലയില്‍ പല സ്ഥലങ്ങളിലും കുറഞ്ഞ അളവില്‍ ഇത്തരം ലഹരി മരുന്നുകള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഇവയുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് വ്യാപകമായ അന്വേഷണത്തിലായിരുന്നു ജില്ലാ പോലീസും, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍കോട്ടിക്ക് വിഭാഗവും.

അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഇത്തരം ലഹരി മരുന്നുകള്‍ സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും ചില്ലറ വിപണനം നടത്തുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. എളുപ്പത്തില്‍ പണം സമ്പാദിച്ച് ആഡംബര ജീവിതം നയിക്കാനാണ് യുവതീയുവാക്കള്‍ ലഹരി കടത്തിലേക്ക് തിരിയുന്നത്. 1 ഗ്രാമിന് 10000 രൂപ വരെ ഈടാക്കുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ യുടെ അര ഗ്രാം ഉപയോഗം പോലും മനുഷ്യ മനസ്സിനെ തള്ളി വിടുന്നത് ലഹരിയുടെ കര കാണാ കയങ്ങളിലേക്കാണ്. ഉപയോഗിച്ച് തുടങ്ങിയാല്‍ വളരെ പെട്ടന്ന് തന്നെ ലഹരി അടിമത്തതിലേക്കും അതുവഴി ഹൃദ്രോഗം, ഓര്‍മ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാക്കല്‍, കാഴ്ചക്കുറവ് എന്നീ ലക്ഷണങ്ങളിലൂടെ മനുഷ്യ ജീവന്‍ വരെ അപഹരിക്കുന്ന മാരക ലഹരി മരുന്നാണ് എം.ഡി.എം.എ. വിദ്യാര്‍ത്ഥികളിലും യുവതീ യുവാക്കളിലും ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയും വേണം. ജില്ലാ ഡാന്‍സാഫ് ടീമിന്റെ ചുമതലയുളള സി. ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സക്കറിയ മാത്യൂ, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് എ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍, എസ്.ഐമാരായ രെഞ്ചു, ശിവദാസന്‍ പിള്ള ഡാന്‍സാഫ് എസ്സ്.ഐ ആര്‍. ജയകുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു ലാലന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.പി.ഒ മാരായ രഞ്ജിത്ത്, രാജഗോപാല്‍, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ 2017 ലും സമാന കുറ്റകൃത്യത്തിന് കരുനാഗപ്പള്ളി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.

കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര മാഫിയകള്‍ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്നും പൊതുജനങ്ങള്‍ക്ക് ലഹരി വ്യാപാരത്തെ പറ്റിയും ഉപയോഗത്തെ പറ്റിയുമുള്ള വിവരങ്ങള്‍ 9497980223, 1090, 0474 2742265, 9995966666  എന്നീ ഫോണ്‍ നമ്പര്‍ മുഖേനയോ, കേരളാ പോലീസ് ഒരുക്കിയിരിക്കുന്ന 'യോദ്ധാവ്-9995966666' എന്ന വാട്‌സാപ്പ് നമ്പര്‍ മുഖേനയോ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.