വിദേശ വനിതയെ പീഡിപ്പിച്ച പ്രതികള്‍ പോലീസ് പിടിയില്‍

വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലായി. ആലുംകടവ്, ചെറിയഴീക്കല്‍, പന്നിശ്ശേരില്‍, പഴനി മകന്‍ നിഖില്‍(28), ചെറിയഴീക്കല്‍, അരശ്ശേരില്‍ മുത്തു മകന്‍ ജയന്‍(39) എന്നിവരാണ് കരുനാഗപ്പള്ളി  പോലീസിന്‍റെ പിടിയിലായത്. വള്ളിക്കാവ് അമൃതപുരി ആശ്രമത്തിന് സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന അമേരിക്കന്‍ വനിതയെ ആണ് പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്. തിങ്കളാഴ്ച രാവിലെ ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയോട് സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് അമിതമായി മദ്യം നല്‍കി ഉډാദാവസ്ഥയില്‍ ആക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അമൃതപുരി ആശ്രമത്തിലെത്തി അധികാരികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യ്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി  എ.സി.പി പ്രദീപ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ ഇരുവരേയും കണ്ടെത്തി    അറസ്റ്റ് ചെയ്യുകയും ചെയ്യ്തു. അറസ്റ്റിലായ നിഖില്‍ മുമ്പും നിരവധി ക്രമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിട്ടുള്ള ആളാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.എമാരായ ഷെമീര്‍, ഷാജിമോന്‍, എസ്.സി.പി.ഒ  രാജീവ്, സി.പി.ഒ മാരായ ഹാഷിം, ബീന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.