The accused who tried to sexually assault a minor boy was arrested

പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച മധ്യവയസ്‌ക്കനായ പ്രതി പിടിയില്‍. പന്മന പുത്തന്‍ ചന്ത, നടുവത്ത് ചേരി, കൊച്ചുതറയില്‍ വീട്ടില്‍ ശേഖരന്‍ മകന്‍ ഉണ്ണി (52) എന്നയാളാണ് ചവറ പോലീസിന്റെ പിടിയിലായത്. 13.10.2022 രാത്രി 08.30 മണിയോടെ ആണുവേലില്‍ അമ്പലത്തില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക് അളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി കുട്ടിയെ തടഞ്ഞ് നിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം  ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത ചവറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യ്തു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍ യു.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

തര്‍ക്കത്തെ തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രതികള്‍ പിടിയില്‍.

അനധികൃതമായി പുരയിടത്തിലെ തെങ്ങില്‍ നിന്നും തേങ്ങ അടര്‍ത്തിയത് ചോദ്യം ചെയ്യ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതിയേയും ഭര്‍ത്താവിനേയും പങ്കായം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒന്നും രണ്ടും പ്രതികള്‍ പോലീസ് പിടിയിലായി. കോയിവിള ബിനു ഭവനില്‍ ആന്‍ഡ്രൂസ് മകന്‍ കുട്ടപ്പായി എന്ന അനില്‍ ആന്‍ഡ്രൂസ്, തേവലക്കര കോയിവിള പുന്നപ്പുഴ ചരുവില്‍ ലിയോണ്‍സ് മകന്‍ റാല്‍ഫിന്‍ എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. 16.10.2022 ഞായറയ്ച പ്രതികള്‍ തേവലക്കര കോയിവിള ആറാട്ട്കടവ് വീട്ടില്‍ ഷെറിന്റെ ബന്ധുവിന്റെ പുരയിടത്തില്‍ നിന്നും അനധികൃതമായി തേങ്ങ അടത്തിയത് ഷെറിനും ഭര്‍ത്താവും ചോദ്യം ചെയ്യ്തിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ പ്രതികള്‍ പങ്കായവുമായി വീട്ടില്‍ അതിക്രമിച്ച് കയറി ചീത്ത വിളിച്ചുകൊണ്ട് ഷെറിനേയും ഭര്‍ത്താവിനേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ 11 ക്രമിനല്‍ കേസ്സുകളില്‍ പ്രതിയാണ് അറസ്റ്റിലായ  അനില്‍ ആന്‍ഡ്രൂസ്. രണ്ടാം പ്രതി റാല്‍ഫിനെതിരെ പോക്‌സോ കേസും നിലവിലുണ്ട്. ഷെറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത തെക്കുംഭാഗം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്നും രണ്ടും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷാജി ഗണേശന്‍, ശങ്കരനാരായണന്‍, എ.എസ്.ഐ ജയകൃഷ്ണന്‍, സി.പി.ഓ സലാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി  കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പാ നിയമ പ്രകാരം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. 2019 മുതല്‍ ഇരവിപുരം, കുണ്ടറ എന്നീ പോലീസ് സ്റ്റേഷനുകളില്‍  വ്യക്തികള്‍ക്ക് നേരെയുളള കയ്യേറ്റം, അതിക്രമം, കവര്‍ച്ച, മയക്ക് മരുന്ന് വ്യാപാരം തുടങ്ങി അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊല്ലം താലൂക്കില്‍ വടക്കേവിള വില്ലേജില്‍ പഞ്ചായത്തുവിള ചരുവിള വീട്ടില്‍ സുജനന്‍ മകന്‍ തൊണ്ടുംകുഴി അച്ചു എന്ന് അറിയപ്പെടുന്ന സുധിന്‍(25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. 2019,2021,2022 എന്നീ വര്‍ഷങ്ങളില്‍ ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള സുധിന്‍(25) ഇരവിപുരം, കുണ്ടറ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ജനങ്ങളില്‍ അരക്ഷിതാവസ്ഥയും ഭീതിയും ഉണ്ടാക്കി ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന ആളാണ്. സമൂഹത്തിന് ഭീഷണിയായ കുറ്റവാളികളെ നിയന്ത്രിക്കുന്നതിനും ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിനുമായി ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 'കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് 2007 ' പ്രകാരം  കരുതല്‍ തടങ്കലിന് ഉത്തരവായത്. 

കൊടും ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്നും അനുയോജ്യരായവര്‍ക്കെതിരെ കാപ്പ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊല്ലം എ.സി.പി അഭിലാഷ് എ യുടെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു. 

മയക്കുമരുന്നുമായി പ്രതികള്‍ പിടിയില്‍ .

അനധികൃതമായി മയക്ക് മരുന്ന് കൈവശം സൂക്ഷിച്ച പ്രതികള്‍ കൊട്ടിയം പോലീസിന്റെ പിടിയിലായി. മൈലാപ്പൂര്‍ വലിയവിള വീട്ടില്‍ ഷരീഫ് മകന്‍ അല്‍അമീന്‍(29), ഇരവിപുരം കാവല്‍പ്പുര കോടിയില്‍ തെക്കതില്‍ കമറുദ്ദീന്‍ മകന്‍ സനോജ്(37) എന്നിവരാണ് പോലീസ് പട്രോളിങ്ങ് സംഘത്തിന്റെ പിടിയിലായത്. 17.10.2022 ഉച്ചക്ക് 12.40 മണിയോടെ ഉമയനല്ലൂര്‍ ജുമാ അത്ത് പള്ളി ജംഗ്ഷന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. കൊട്ടിയം പോലീസ് നടത്തിയ പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്യ്ത് പരിശോധിച്ചപ്പോഴാണ് പ്രതികളില്‍ നിന്നും മയക്ക്മരുന്നുകള്‍ കണ്ടെത്തിയത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നുകളാണ് കൂടിയ അളവില്‍ ഇവരില്‍ നിന്നും പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ഇത്തരം മയക്ക് മരുന്നുകള്‍ കൈവശം വക്കുന്നതോ ഉപയോഗിക്കുന്നതോ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍ എം.സി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജിത്ത്, റെനോക്‌സ്, രാധാകൃഷ്ണന്‍ നായര്‍, സുരേഷ് സി.പി.ഓ ചന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.